ശാസ്ത്രം പഠിച്ചു ഞാനെന്നുള്ള ഗർവ്വിലോ
ഈശനെ തള്ളിപ്പറയുന്നു മാനുഷർ?
ശാസ്ത്രമറിഞ്ഞോരു മർത്ത്യനൊരിക്ക ലും
വാഴ്ത്താൻ മടിക്കില്ലയീശനെ നി ശ്ചയം
മർത്ത്യന്നതീതമായ് വാഴുന്ന ശക്തിയെ
പേരെന്തു ചൊൽകിലും, മാനിച്ചിടും ബുധർ
പൂവിൻ ദളങ്ങളെ യിത്രമേൽ ചേലില-
ങ്ങാരടുക്കീടുവാനിന്നീ പ്രകൃതിയിൽ
പൂവിൻറെ ശാസ്ത്രം പഠിച്ചവനായിടാ
ശൂന്യതയിൽ നിന്നലർ വിടർത്തീടുവാൻ
ഭൂമി തൻ ശാസ്ത്രം പഠിച്ചവനും സ്വയം-
ഭൂവായ് പിറക്കുവാനാകില്ല ഭൂമിയിൽ
വൻവൃക്ഷമൊന്നു നാം നട്ടുവെന്നാകിലു-
മാദ്യത്തെ വിത്തിൻ പൊരുളെന്തതിശയം!
സൃഷ്ടിച്ചതാരെന്നറിയാത്ത വസ്തുവിൽ
നിന്നു നാം സൃഷ്ടിച്ചിടുന്നു മറ്റൊക്കെയും
ആരുയിർ നല്കിയീ പാരിന്നപാരമാം
പ്രാണൻ തുടിച്ചിടും പ്രാണികൾക്കാദ്യമായ്?
പേരറിയാത്തൊരാ ശക്തിയാണീശ്വരൻ
പേരെന്തു ചൊൽകിലും സത്യമാണീശ്വരൻ
മൃത്യുവിലേക്കുള്ള പാതയിൽ നേർക്കുനേർ
നിൽക്കവേ മുന്നിൽ തെളിഞ്ഞിടുമീശ്വരൻ
അത്ര കാതം കടന്നെത്തുന്ന നാൾ വരെ-
ഗർവ്വിൻ സുധാകരം മൂടുന്നു മർത്ത്യനെ
വാക്കുകൾ, വാളിൻ തലപ്പുകൾ നാൾക്കുനാൾ
മൂർച്ചയേറ്റിക്കൊണ്ടിരിന്നിടുന്നൂ ചിലർ
വെട്ടം പരത്തും വിളക്കു കെടുത്തിടും
കെട്ട മനുഷ്യരിരുട്ടു പരത്തിടും
താനാണ് സർവ്വവുമെന്നു ശഠിപ്പവൻ
മൂഢനല്ലാതെ മറ്റാരുവാനീ വിധം?