March 25, 2017
വീരം ഗംഭീരം!! എന്നുവച്ചാൽ പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം ആഴവും അര്‍ത്ഥപുഷ്ടിയുമുള്ളത് എന്നർത്ഥം. അങ്ങനെ പറയാൻ കാരണം ഉണ്ട്.
റിലീസിന് മുന്നോടിയായി വന്ന വീരത്തിൻറെ ട്രെയിലറുകളിലെ പതിഞ്ഞ സംഭാഷണശകലങ്ങൾ കേട്ടാൽ മൊത്തത്തിൽ സിനിമയ്ക്ക് ഒരു പഞ്ച് ഇല്ലേ എന്ന സംശയം തോന്നിയേക്കാം. (ആർത്തട്ടഹസിച്ച് രംഗത്ത് വരുന്ന പ്രതിനായകന്മാരെ കണ്ടുശീലിച്ച പ്രേക്ഷകമനസ്സുകളിൽ തോന്നുന്ന സ്വാഭാവികമായ ഒരു സംശയമാണത്!) പക്ഷേ സിനിമ മുഴുവൻ കണ്ടെഴുന്നേൽക്കുമ്പോൾ ആ തോന്നൽ പാടേ മാറുന്നു.
മലയാളികൾ പല തവണ ചന്തുവിനെ കണ്ടിട്ടുണ്ട്, അവരുടെ മനസ്സിൽ പതിഞ്ഞുപോയ വടക്കൻ നാടോടിപ്പാട്ടുകളിലെ ചന്തുവെന്ന കഥാപാത്രത്തിൻറെ ഭാവഹാവാദികളോടെ. പക്ഷേ വീരത്തിലെ ചന്തു അതിൽ നിന്നെല്ലാം വ്യത്യസ്തൻ. ഇതിനു മുൻപ് ചന്തുവായി വെള്ളിത്തിരയിലെത്തിയ ആദ്യകാലമലയാളനടന്മാരുടേയോ മമ്മൂട്ടിയുടേയോ അഭിനയത്തെ മത്സരിച്ച് തോൽപ്പിക്കുക എന്നൊരു ദൗത്യം സംവിധായകൻ തീർച്ചയായും ഈ ചന്തുവിൽ വച്ചുകെട്ടിയിട്ടില്ല. പകരം വെള്ളിത്തിരയുടെ അനന്തസാദ്ധ്യതകൾ അങ്ങേയറ്റം മികവോടെ, എന്നാൽ അതിശയകരമായ കയ്യടക്കത്തോടെ, മലയാളികൾ അധികം കടന്നുചെല്ലാത്ത ദൃശ്യാവിഷ്ക്കാരത്തികവുകളിലൂടെ അവതരിപ്പിച്ചിരിക്കുന്ന വീരത്തിൻറെ അണിയറയിലും അരങ്ങത്തും ഉള്ള ശിൽപ്പികൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇത് വേറിട്ടൊരു ദൃശ്യാനുഭവം!
അജന്ത, എല്ലോറ ഗുഹകൾ ഏതൊരു ഭാരതീയൻറെയും അഭിമാനമാണ്. അവയുടെ പശ്ചാത്തലഭംഗിയാണ് വീരത്തിൻറെ ഗാംഭീര്യത്തിന് മാറ്റ് കൂട്ടുന്ന ഒരു പ്രധാന ഘടകം. ഒരു സിനിമയിലെ ചില രംഗങ്ങളോ ഗാനരംഗങ്ങളോ മാത്രം പ്രശസ്തമായ ചരിത്രസ്മാരകങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുക എന്ന രീതി പല സിനിമയിലും കാണാറുണ്ട്. എന്നാൽ വീരം എന്ന സിനിമയുടെ പ്രധാനഭാഗങ്ങൾ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത് ലോകപൈതൃകപ്പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ്. മലയാളദേശത്തിനപ്പുറം ലോകം മുഴുവൻ ഉള്ള കാണികളെ തൃപ്തരാക്കാൻ ഈ പശ്ചാത്തലഭംഗി ഒന്ന് മാത്രം മതിയാകും. അത്ര വിസ്മയകരമായാണ് ഛായാഗ്രാഹകൻ ഈ ചരിത്രശിലകളെ കഥയ്ക്കനുയോജ്യമായ രീതിയിൽ ഒപ്പിയെടുത്ത് വീരത്തിൻറെ പശ്ചാത്തലമാക്കിയിരിക്കുന്നത്. അതിനോടൊപ്പം കളരിപ്പയറ്റിൻറെ ചടുലമായ ചുവടുകൾ കൂടിയാകുമ്പോൾ അത് കാണികളെ ഒരു മായാലോകത്തിൽ കൊണ്ടെത്തിക്കുന്നു.
വടക്കൻപാട്ടിലെ ചന്തു എന്ന പടനായകൻറെ പറഞ്ഞും പാടിയും പതിഞ്ഞ കഥ വീരത്തിലെത്തുമ്പോൾ ഷേക്സ്പിയറിൻറെ മാക്‌ബത്തുമായി സാദൃശ്യം കൽപ്പിക്കുക വഴി പുതുമയുള്ളതായിത്തന്നെ നില നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. പഴമയിൽ നിന്ന് പുതുമ സൃഷ്ടിച്ചെടുക്കുന്ന ആ മാന്ത്രികവിദ്യ കണ്ടിരിക്കുക കൗതുകം തന്നെ. വിശ്വ സാഹിത്യചരിത്രത്തിൻറെ രണ്ട് കാലഘട്ടങ്ങളിൽ, തികച്ചും വ്യത്യസ്തമായ രണ്ട് ഭൂമികകളിൽ ജീവിച്ചിരുന്ന രണ്ട് കഥാപാത്രങ്ങളുടെ സാദൃശ്യം സൂക്ഷ്മമായി നിരീക്ഷിച്ച് അവ ഒറ്റ വ്യക്തിയിലേക്ക് സമന്വയിപ്പിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പിഴവുകൾ ഏറെയാണ്. എന്നാൽ വീരം അത്തരം പിഴവുകൾക്ക് ഇട കൊടുക്കുന്നതേയില്ല. മാക്ബത്ത് എന്ന ക്‌ളാസിക് കൃതിയിൽ നമ്മൾ വായിച്ചുമറന്ന പ്രശസ്തമായ പല സംഭാഷണങ്ങളുടെയും സന്ദർഭങ്ങളുടെയും ഒരു പുനർവായന വീരത്തിലൂടെ സാദ്ധ്യമാകുന്നു. മാക്ബത്തിലെ മന്ത്രവാദിനിയുടെ "Macbeth shall never vanquished be, until Great Birnam wood to high Dunsinane hill Shall come against him" എന്ന പ്രവചനം സത്യമായതായി നായകന് തോന്നുന്ന രംഗമാകട്ടെ, കണ്ട് മതിവരുന്നതിന് മുൻപ് തീർന്നുപോയതായി അനുഭവപ്പെട്ടു.
അഭിനേതാക്കളെ വിലയിരുത്തുമ്പോൾ ആദ്യം പറയേണ്ടത്, ഇതിലെ ഒരു അഭിനേതാവിനെപോലും നമ്മൾ മുൻപ് ഒരു മലയാളസിനിമയിലും കണ്ടിരിക്കാൻ വഴിയില്ല എന്നതാണ്. ജയരാജിൻറെ എല്ലാ സിനിമകളിലും മുഖം കാണിക്കാറുള്ള വാവച്ചൻ എന്ന നടൻറെ മുഖം ഇതിലും ഇടയിലൊന്ന് മിന്നിമറയുന്നതൊഴിച്ചാൽ മറ്റെല്ലാവരും തന്നെ മലയാളത്തിന് പുതുമുഖങ്ങളാണ്. ചന്തുവായി എത്തുന്ന ഉത്തരേന്ത്യൻ നടൻ കുനാൽ കപൂർ ആകാരം കൊണ്ടും അഭിനയം കൊണ്ടും കഥാപാത്രത്തിനോട് നീതി പുലർത്തുന്നു. ആദ്യപകുതിയിലേതിനേക്കാൻ ശക്തനാകുന്നുണ്ട് രണ്ടാംപകുതിയിൽ ആരോമൽ ചേകവരെ കൊന്നതിനുശേഷം കുറ്റബോധത്താൽ ചകിതനായി തീരുന്ന ചന്തുവിൻറെ ഭാവങ്ങൾ ഗംഭീരമാക്കിയ കുനാൽകപൂറിലെ നടൻ. ഡങ്കൻ രാജാവിനെ കൊന്നതിനുശേഷമുള്ള മാക്‌ബത്തിൻറെ മാനസികാവസ്ഥയുമായി കൂടുതൽ ചേർന്നുനിൽക്കുന്ന ഈ രംഗങ്ങളോടെ കുനാൽകപൂർ എന്ന നടൻ കാണികൾക്ക് കൂടുതൽ പ്രിയങ്കരനായിത്തീരുന്നു. ആരോമലുണ്ണിയുമായി അങ്കം കുറിക്കുവാനുള്ള സന്ദേശവുമായി ദൂതനെത്തുന്ന രംഗത്തിൽ ഒരൊറ്റ പൊട്ടിച്ചിരിയിലൂടെ 'എനിക്കെതിരെ മത്സരിക്കാൻ ഒരു നരുന്തുപയ്യനോ' എന്ന അഹങ്കാരം മുഴുവൻ പ്രതിഫലിപ്പിക്കുമ്പോൾ അത് ആ രംഗത്ത് കൊടുക്കാവുന്ന ഏതൊരു ഉശിരൻ സംഭാഷണത്തെക്കാളും മികവുറ്റതായിരിക്കുന്നു. അവസാനരംഗത്തിൽ ആരോമലുണ്ണിയുടെ ഉറുമി കഴുത്തിൽ മുറുകി, തൻറെ അന്ത്യം എത്തിയിരിക്കുന്നു എന്ന തിരിച്ചറിവോടെ വിധിയെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ചന്തുവിൻറെ മുഖവും അത്ര പെട്ടന്ന് മനസ്സിൽ നിന്ന് മായില്ല. ഉണ്ണിയാര്‍ച്ചയായ ഹിമര്‍ഷാ വെങ്കടസ്വാമിയേക്കാൾ മികവുറ്റ അഭിനയം കാഴ്ച വയ്ക്കുന്നു കുട്ടിമാണിയായി എത്തിയ ദിവിനാ താക്കൂർ.
വടക്കൻ പാട്ട് സിനിമകളിൽ ഇതുവരെ ഉപയോഗിച്ചുപോന്ന സംഭാഷണശൈലിയിൽ നിന്ന് വ്യത്യസ്തമായി വടക്കൻ ശൈലിയിൽ തന്നെയുള്ള വീരത്തിലെ സംഭാഷണങ്ങൾ പുതുമയുള്ളതായി തോന്നി.
ഇതിനൊക്കെ പുറമേ, കലികാലം അതിൻറെ ഭീകരരൂപത്തിൽ പിടി മുറുക്കിക്കൊണ്ടിരിക്കുന്ന ആധുനികയുഗത്തിൽ ധനത്തിനും അധികാരത്തിനും സുഖലോലുപതയ്ക്കും വേണ്ടി മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങൾ അവരിലേക്ക് തന്നെ തിരിച്ചടിക്കുമ്പോൾ, നേടിയ സൗഭാഗ്യങ്ങൾക്കൊന്നും അവയെ തടുക്കാനാകില്ലെന്ന സത്യത്തിന് ഒരിക്കൽക്കൂടി അടിവരയിട്ട് കടന്നുപോകുക വഴി കാലാനുവർത്തിയാകുന്നു വീരം.
ഈ സിനിമയെ കുറിച്ചുള്ള ചില വിമർശനങ്ങൾ വായിച്ചതിൽ ഒന്ന് അതിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണരീതിയെ കുറിച്ചാണ്. സിനിമയായാലും നോവലായാലും മറ്റേതു കലാരൂപമായാലും അവയിലെ കഥാപാത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് അവർ നിലനിന്നിരുന്ന കാലഘട്ടത്തെ കൂടിയാണ്, ആ കാലഘട്ടം ആവശ്യപ്പെടുന്ന വസ്ത്രധാരണരീതി എന്നതിൽക്കവിഞ്ഞ് അതിനെ ഒരു കച്ചവടത്തിൻറെ ഭാഗമാക്കാനുള്ള ഒരു കൗശലവും വീരത്തിലുണ്ട് എന്ന് തോന്നിയില്ല. എന്ന് മാത്രമല്ല, കഥാപാത്രങ്ങളുടെ ആടയാഭരണങ്ങളുടെ വർണ്ണവിന്യാസം സിനിമയുടെ ആകെയുള്ള വർണ്ണപ്രപഞ്ചവുമായി സമരസപ്പെട്ടുനിൽക്കുന്നത് കണ്ണിന് ഒരു വിരുന്ന് തന്നെയാകുന്നുമുണ്ട്.
ചുരുക്കത്തിൽ, ഒരു മലയാളത്തനിമയുള്ള ചന്തുവിനെ കാണാമെന്നു കരുതി വീരം സിനിമ കാണാനിറങ്ങിയാൽ നിരാശയാകും ഫലം. എന്നാൽ എല്ലാ അർത്ഥത്തിലും ലോകനിലവാരമുള്ള ഒരു ദൃശ്യവിസ്മയം കാണാമെന്ന പ്രതീക്ഷ ഒരിക്കലും അസ്ഥാനത്താക്കുകയില്ല വീരം. എങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെ മലയാളികളേക്കാൾ വിദേശികളുൾപ്പെടെയുള്ള മലയാളികളല്ലാത്ത കാണികളായിരിക്കും വീരം എന്ന സിനിമയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുക എന്ന് അനുമാനിക്കാം.
No comments:
Post a Comment