Followers

കുഞ്ഞാലിമരയ്ക്കാർ - അറബിക്കടലിൻ്റെ സിംഹം - സിനിമ

 19-12-2022

കാലഘട്ടം ഏതുമാകട്ടെ,  ഒരു സിനിമയെ  വിലയിരുത്തുവാൻ  ആർക്കായാലും ഒന്നാമതായിവേണ്ട യോഗ്യത   കുറഞ്ഞപക്ഷം ആ സിനിമ മുഴുവനുമായി കണ്ടിട്ടുണ്ടാവണം എന്നതിലെങ്കിലും  ആർക്കും തർക്കമുണ്ടാവേണ്ട കാര്യമില്ല. അങ്ങനെയുള്ള വിലയിരുത്തലിൽ പ്രസ്തുതസിനിമയുടെ ആകമാനവും ഓരോ ഘടകങ്ങൾ വേർതിരിച്ചുമുള്ള തികവുകളും കുറവുകളും  മാത്രമേ വിഷയമാകേണ്ട കാര്യവുമുള്ളൂ. അതാവട്ടെ ഓരോ പ്രേക്ഷകൻ്റെയും വ്യത്യസ്തമായ ആസ്വാദനരീതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നതും സ്വാഭാവികം.   എന്നാൽ സിനിമയെക്കുറിച്ചുള്ള സ്വാഭാവികമായ ആ വിലയിരുത്തലുകളുടെ  പുഷ്ക്കലകാലമെല്ലാം കഴിഞ്ഞെന്നു വേണം കരുതാൻ!

ഇന്ന് ഒരു സിനിമ വിലയിരുത്തപ്പെടുന്നത് ആ സിനിമയുമായി സഹകരിക്കുന്നവരുടെ  ജാതി, മതം, രാഷട്രീയം, സ്വാധീനം എന്നിവയുടെ മാത്രം അടിസ്ഥാനത്തിലാകുമ്പോൾ ആ വിലയിരുത്തലിൽ പലർക്കും അവനവനു തോന്നുന്ന അഭിപ്രായം ഉൾക്കൊള്ളിയ്ക്കാനോ തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട  മുൻവിധികൾക്കെതിരായി മനസാക്ഷിയ്ക്കനുസരിച്ച്  ഒരക്ഷരംപോലും എഴുതാനോ സാധിക്കാതെ വരുന്നു. ഏതായാലും ഒരു സിനിമ കാണണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇത്തരം എഴുത്തുകളെയൊന്നും  ആശ്രയിക്കുക  പതിവില്ലാത്തതിനാൽ ഒരു നല്ല, സാങ്കേതികത്തികവാർന്ന മലയാളചലച്ചിത്രം തീയറ്ററിൽ പോയി കാണുവാനുള്ള അവസരം നഷ്ടമായില്ലെന്നു പറയട്ടെ.

'കുഞ്ഞാലിമരയ്ക്കാർ - അറബിക്കടലിൻ്റെ സിംഹം' എന്ന പ്രിയദർശൻ സിനിമയെക്കുറിച്ചുതന്നെയാണ് പറഞ്ഞുവന്നത്. കുഞ്ഞാലി മരയ്ക്കാർ എന്ന യഥാർത്ഥവ്യക്തിയുടെ ചരിത്രം എന്താണെന്ന് പലരും പറഞ്ഞുകേട്ടുള്ള അറിവു മാത്രമേ എനിക്കുമുള്ളൂ. അതിൽ സത്യത്തിൻ്റെയും അസത്യത്തിൻ്റെയും അംശം എത്രവീതമെന്നറിയില്ല.  അതുകൊണ്ടുതന്നെ ചരിത്രപരമായ ആധികാരികതയെ സ്പർശിക്കാതെ വെറും ഒരു സിനിമ എന്ന നിലയ്ക്കുള്ള  ഒരു വിലയിരുത്തൽ മാത്രമാണിതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. 

 ബിഗ് ബഡ്ജറ്റ് സിനിമകളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി സ്ഥിരം കേൾക്കുന്ന കോടികളുടെ വരവുചെലവുകണക്കുകളൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. എന്നാൽ ചരിത്രപശ്ചാത്തലമുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനാവുന്ന ഒരു നല്ല സിനിമയാണിത് എന്നതിൽ സംശയമില്ല.  പൂർണ്ണമായും ചരിത്രമല്ല, അല്പം ഭാവനകൂടിയുണ്ടെന്നു സിനിമയുടെ തുടക്കത്തിൽത്തന്നെ എഴുതിക്കാണിക്കുന്നതിനാൽ ചരിത്രത്തിനും സിനിമയ്ക്കും ഇടയിലുള്ള അന്തരത്തെക്കുറിച്ചൊരു തർക്കത്തിനും ഗവേഷണത്തിനും ചർച്ചയ്ക്കുമൊന്നും പ്രസക്തിയുമില്ല. എന്നാൽ കുഞ്ഞാലിമരയ്ക്കാർ എന്ന ദേശസ്നേഹിയെക്കുറിച്ചു കൂടുതൽ അന്വേഷിച്ചറിയാൻ പുതിയ തലമുറയ്ക്കും ഒരു പ്രചോദനം നൽകാൻ തീർച്ചയായും ഈ സിനിമയ്ക്കായിട്ടുണ്ട്. 

നീണ്ട താരനിരയുള്ള ഈ സിനിമയിൽ അർജ്ജുൻ, സുനിൽ ഷെട്ടി എന്നീ അന്യഭാഷാ നടന്മാൻ തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി.  സാമൂതിരിയുടെ കഥാപാത്രം  ഒരുപക്ഷേ നെടുമുടി വേണു എന്ന അതുല്യനടൻ്റെ അഭിനയജീവിതത്തിലെ അവസാനരംഗങ്ങളായിരിക്കണം.  പ്രശസ്തസംവിധായകൻ ഫാസിൽ താനഭിനയിച്ച കുഞ്ഞാലി മരയ്ക്കാരുടെ ഉപ്പുപ്പായുടെ റോൾ ഭംഗിയാക്കി. 

നായികാപ്രാധാന്യം നിർണ്ണയിക്കാവുന്ന അഭിനയ മുഹൂർത്തങ്ങളുള്ള രംഗങ്ങളൊന്നും  അധികമില്ലാത്തതിനാൽ മജ്ജു വാര്യരും കീർത്തി സുരേഷ് കുമാറും  സുഹാസിനിയും കല്യാണി പ്രിയദർശനും അവരവരുടെ റോളുകൾ  വിരസമാക്കാതെ വന്നുപോകന്നുവെന്നതിൽക്കവിഞ്ഞ് മറ്റൊന്നും പറയാനില്ല. 

കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പകാലം അഭിനയിച്ച പ്രണവ് മോഹൻലാൽ തൻ്റെ ആക്ഷൻ രംഗങ്ങൾ വളരെ മനോഹരമാക്കിയെങ്കിലും  ഭാവാഭിനയം കുറച്ചുകൂടി അനായാസമാകേണ്ടതുണ്ടെന്നു തോന്നി. 

മോഹൻലാൽ, സിദ്ധിക്ക് തുടങ്ങിയവരുടെ അഭിനയത്തികവിനെക്കുറിച്ചറിയാൻ മലയാളിയ്ക്ക്  ഇനിയൊരാളുടെ ഉറപ്പ് ആവശ്യമില്ലാത്തതിനാൽ അതിനിവിടെ മുതിരുന്നില്ല!  അഭിനയത്തേക്കാൾ ആക്ഷൻ രംഗങ്ങൾക്കും സ്പെഷ്യൽ ഇഫക്ട്സിനും പ്രാമുഖ്യം കൊടുക്കുന്ന ഒരു സിനിമ കൂടിയായതിനാൽ പ്രത്യേകിച്ചും. എന്നിരുന്നാലും കുഞ്ഞാലിമരയ്ക്കാരുടെ  വേഷം മോഹൻലാലിനു നന്നായി ഇണങ്ങുന്നുവെന്ന സന്തോഷം പങ്കുവയ്ക്കുന്നു.

മങ്ങാട്ടച്ചനായി വേഷമിട്ട ഹരീഷ് പേരടി കഥാപാത്രത്തെ ഉൾക്കൊണ്ടഭിനയിച്ചു. മങ്ങാട്ടച്ചൻ്റെ മകനായ അനന്തനായി അഭിനയിച്ച അർജ്ജുൻ എന്ന തമിഴ് നടൻ്റെ  മലയാളസംഭാഷണം ഡബ്ബിങ്ങിലൂടെ  പ്രശസ്തനടൻ വിനീത് രാധാകൃഷ്ണൻ തൻ്റെ  അക്ഷരസ്ഫുടതയും ഗാംഭീര്യവുംകൊണ്ടു ശ്രദ്ധേയമാക്കി.

സെപഷ്യൽ ഇഫക്ട്സിൽ മലയാള സിനിമ ഏതു പാശ്ചാത്യസിനിമയോടും  കിടപിടിക്കുന്ന നിലവാരത്തിൽ വളർന്നിരിക്കുന്നു എന്ന തൃപ്തിയാണ് സിനിമ കണ്ടിറങ്ങിയപ്പോൾ ഏറ്റവും മുന്നിട്ടുനിന്നത്.  അല്പം പാളിപ്പോയാൽപ്പോലും വളരെ വിരസവും അസ്വാഭാവികവുമായി  മാറുമായിരുന്ന യുദ്ധരംഗങ്ങളും കടലിലെ രംഗങ്ങളും മറ്റും കാണികളുടെ ആകാംക്ഷയുടെ മുൾമുന ഒടിയ്ക്കാതെതന്നെ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ തൻ്റെ സ്പെഷ്യൽ ഇഫക്ട്സിലെ തികവുകൊണ്ടു സിദ്ധാർത്ഥ് പ്രിയദർശൻ വിജയിച്ചിട്ടുണ്ട്. 

എം എസ്സ്  അയ്യപ്പൻ്റെ കുറ്റമറ്റ എഡിറ്റിങ്ങും രംഗങ്ങളുടെ സ്വാഭാവികവും സൂക്ഷ്മവുമായ  തുടർച്ചയെ സഹായിച്ചിട്ടുണ്ട്. 

കാലഘട്ടത്തിനനുയോജ്യമായ വസ്ത്രാലങ്കാരവും കലാസംവിധാനവുമാണ് സിനിമയെ ആകർഷകമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച മറ്റുരണ്ടു ഘടകങ്ങൾ.  സാബു സിറിളിൻ്റെ കലാസംവിധാനവും  സുജിത്ത് സുധാകരൻ, വി.സായ്  എന്നിവരുടെ വസ്ത്രാലങ്കാരവും കാണികളെ 1520 - 1600 കാലഘട്ടങ്ങളിലെ കേരളത്തിൻ്റെ വഴിയോരക്കാഴ്ച്ചകളിലേയ്ക്കും സാമൂഹ്യ പശ്ചാത്തലത്തിലേയ്ക്കുമെല്ലാം അനായാസം എത്തിയ്ക്കുന്നു.  

എല്ലാത്തിനുമുപരി, "ഒടയതമ്പുരാനേ, എൻ്റെ നാടിനെ കാത്തോണേ" എന്ന കുഞ്ഞാലി മരയ്ക്കാരുടെ ആ അവസാനമൊഴിയിൽ  മുഴങ്ങുന്ന പ്രാർത്ഥന സിനിമ കാണാനിടയായ ഒരു രാജ്യവിരോധിയുടെയെങ്കിലും നെഞ്ചിൽ ഒരു ചെറിയ സ്നേഹസ്പന്ദനമെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവാതിരിയ്ക്കില്ല എന്ന കൃതജ്ഞതയാണ് ഈ സിനിമ അണിയിച്ചൊരുക്കിയവരോടു രേഖപ്പെടുത്തുവാനുള്ളത്. അനേകമനേകം വിദേശഅധിനിവേശങ്ങൾ അനുഭവിച്ച ഭാരതമണ്ണിൻ്റെയും ആ അധിനിവേശങ്ങളെ ചെറുത്തുനിന്ന എണ്ണമറ്റ ഭാരതമക്കളുടെ ത്യാഗത്തിൻ്റെയും നരകയാതനകളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഈ പ്രാർത്ഥന. 

#കുഞ്ഞാലിമരയ്ക്കാർ - അറബിക്കടലിൻ്റെ സിംഹം


No comments:

Post a Comment