Followers

Saturday, January 13, 2018

പുസ്തകങ്ങളിലൂടെ...(സംക്ഷേപവേദാർത്ഥം)

 സംക്ഷേപവേദാർത്ഥം  - ഡോക്ടർ സാമുവൽ ചന്ദനപ്പള്ളിയുടെ പഠനവും വ്യാഖ്യാനവും 

മലയാളഭാഷ കടന്നുവന്ന വഴികൾ ചികഞ്ഞെടുക്കുക ഏറെ ശ്രമകരവും എന്നാൽ രസകരവുമായ കാര്യമാണ്. അതിനുതകുന്ന പുസ്തകങ്ങൾ എവിടെയെങ്കിലും കണ്ടാൽ വായിക്കാൻ ശ്രമിക്കാറുണ്ട്. അത്തരം ഒരു പുസ്തകം ഇന്ന് വായിക്കുവാൻ സാധിച്ചു.


അച്ഛനും അമ്മയും താമസ്സിക്കുന്ന, 36 വർഷങ്ങളോളം പഴക്കമുള്ള വീട്ടിലെ ചുമരലമാരയിൽ  ഞങ്ങളുടെ സ്‌കൂൾ കലാലയകാലഘട്ടങ്ങളിലെ പുസ്തകങ്ങൾ തൊട്ട് ഭർത്താവിൻറെ വീട് പൊളിച്ചപ്പോൾ അവിടെനിന്ന് രക്ഷപ്പെടുത്തിയെടുത്തുകൊണ്ടുവന്ന അമൂല്യങ്ങളായ, എന്നാൽ  ഇനി പുസ്തകക്കടകളിൽ നിന്നൊന്നും കിട്ടാൻ ഇടയില്ലാത്ത ചില പുസ്തകങ്ങൾ വരെ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിവച്ചിട്ടുണ്ട്.
അവധിയ്ക്ക് ചെല്ലുമ്പോഴൊക്കെ അതെല്ലാം കുടഞ്ഞിട്ട് പരിശോധിക്കൽ ഒരു ഹോബിയാണ്. പലപ്പോഴും പരിശോധന മാത്രമേ നടക്കാറുള്ളൂ. എന്നാൽ ഇത്തവണ അവിചാരിതമായ കാരണങ്ങൾ മൂലം നീട്ടേണ്ടിവന്ന അവധിദിവസങ്ങളിലെ വായനാവേളയിൽ  ഒരു ചെറിയ പുസ്തകം കയ്യിൽ തടഞ്ഞു. നാഷണൽ ബുക്സ്റ്റാൾ 1989ൽ പ്രസിദ്ധീകരിച്ച ഡോക്ടർ സാമുവൽ ചന്ദനപ്പള്ളിയുടെ പഠനവും വ്യാഖ്യാനവും അടങ്ങിയ സംക്ഷേപവേദാർത്ഥം (ഒന്ന് മുതൽ മൂന്ന് വരെയുള്ള പാഠങ്ങൾ). 

 27 പേജുകൾ മാത്രമുള്ള ആ പുസ്തകം AD 16 മുതൽ AD 19 വരെ വ്യാപിച്ച്കിടന്ന മിഷ്യനറി മലയാളത്തിൻറെ ആവിർഭാവം, വളർച്ച, ആഖ്യാനരീതി എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ നൽകുന്നു.   പതിനഞ്ചാംശതകം വരെയുള്ള ആര്യഭാഷാപണ്ഡിതന്മാരുടെ, സംസ്കൃതസ്വാധീനം കൂടുതലുള്ള ഭാഷാശൈലിയിൽ നിന്ന് വ്യത്യസ്തമായി അക്കാലത്തെ വ്യവഹാരഭാഷയോട്    അടുത്തുനിൽക്കുന്നതാണ് മിഷ്യനറി മലയാളശൈലി. സംക്ഷേപവേദാർത്ഥത്തിൽ  ഈ വ്യവഹാരഭാഷ സാഹിതീരൂപത്തിലേക്ക് ഉയരാൻ തുടങ്ങുന്നതിൻറെ ലക്ഷണം ഡോക്ടർ സാമുവൽ ചന്ദനപ്പള്ളി ദർശിക്കുന്നു. 
ഡോക്ടർ സാമുവൽ ചന്ദനപ്പള്ളി
(ഗൂഗിൾ ചിത്രം)
പുസ്തകത്തിൻറെ ഉപോത്‌ഘാതത്തിൽ (മുഖവുരയിൽ) ക്രിസ്ത്യൻ മിഷ്യനറിമാർ മലയാളഭാഷയ്ക്ക് നൽകിയ സംഭാവനകളെ കുറിച്ച് ചെറുതെങ്കിലും വസ്തുനിഷ്ഠമായ ഒരു വിവരണം നൽകുന്നുണ്ട്. മിഷ്യനറി മലയാളത്തെ പാതിരിമലയാളമെന്ന് അറിയപ്പെട്ടിരുന്നു. പിതാവ് എന്നർത്ഥമുള്ള പാതിരി എന്ന വാക്ക് ലത്തീനിലൂടെ പോർച്ചുഗീസ് വഴി മലയാളത്തിലെത്തിയതായി മുഖവുരയിൽ പറയുന്നു. മതപ്രചാരണാർത്ഥം അയക്കപ്പെട്ടവർ  എന്നർത്ഥം വരുന്ന മിഷ്യനറിമാർ ഉപയോഗിച്ചതും അതിൻറെ ചുവടുപിടിച്ച് നാട്ടുകാരായ കൃസ്ത്യൻ പുരോഹിതർ ഉപയോഗിച്ചതുമായ  ഭാഷയാണത്രേ മിഷ്യനറി മലയാളം. 

1772 ൽ ആണ് ഇറ്റലിക്കാരനായ ക്ളമൻറ്  പിയാനിയസ് പാതിരി രചിച്ച സംക്ഷേപവേദാർത്ഥം  (സംക്ഷെപവെദാർത്ഥം)  അച്ചടിച്ചത്.  പുരോഹിതപ്പട്ടം സ്വീകരിച്ചതിന് ശേഷം 1757 ൽ കേരളത്തിലെത്തിയ ക്ളമൻറ് പാതിരി നാട്ടുഭാഷ പഠിക്കുന്നതിൽ അതീവതല്പരനായിരുന്നത്രെ. തൻറെ പിൻഗാമികളായ മിഷ്യനറികൾക്ക് മലയാളഭാഷാപഠനത്തിന് ഉതകുന്ന അക്ഷരമാല, വ്യാകരണം, നിഘണ്ടു തുടങ്ങിയ അടിസ്ഥാനഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. പതിനെട്ടാംനൂറ്റാണ്ടിലെ മിഷ്യനറി മലയാളത്തിൻറെ ഉത്തമമാതൃകയായി സംക്ഷേപവേദാർത്ഥത്തെ സാമുവൽചന്ദനപ്പള്ളി വിശേഷിപ്പിക്കുന്നു. ഇതിലെ ആദ്യത്തെ മൂന്ന് പാഠങ്ങൾ മാത്രമാണ് തൻറെ പഠനത്തിൽ രചയിതാവ്  ഉൾപ്പെടുത്തിയിരിക്കുന്നത്. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകളുടെ അർത്ഥം  താളുകളുടെ കീഴ്ഭാഗത്ത് ചേർത്തിരിക്കുന്നത് വായന
സുഗമമാക്കുന്നുണ്ട്. കൃസ്തുമതത്തിലെ കാതലായ തത്ത്വങ്ങൾ ഉള്ളടങ്ങിയിരിക്കുന്ന സംക്ഷേപവേദാർഥം ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തിൽ രചിച്ചിരിക്കുന്നു. 

സംക്ഷേപവേദാർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മലയാളത്തിൻറെ ഒരു സവിശേഷത, വർത്തമാനകാലത്ത് നമ്മൾ സംവൃതോകാരം ഉപയോഗിച്ച് എഴുതുന്ന വാക്കുകൾ അതില്ലാതെ എഴുതിയിരിക്കുന്നു എന്നതാണ്. 

ഉദാഹരണം: "നിന്നെ സൃഷ്ടിച്ചതാര" (സൃഷ്ടിച്ചതാര്) 
"തംപുരാൻ എന്തിന്ന നിന്നെ സൃഷ്ടിച്ചു?" (എന്തിന്ന്).

മറ്റൊരു സവിശേഷത ഇപ്പോൾ ദീർഘം ഉപയോഗിച്ച് നമ്മൾ എഴുതിവരുന്ന പദങ്ങൾ  പലതും ഹ്രസ്വം ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത് എന്നതാണ്. 
ഉദാഹരണം
സംക്ഷെപവെദാർത്ഥം (സംക്ഷേപവേദാർത്ഥം) 
ബൊധജ്ഞാനം (ബോധജ്ഞാനം)
മൊക്ഷം (മോക്ഷം)
സെവിക്കുന്നവർക്ക്  (സേവിക്കുന്നവർക്ക്)   

മറ്റൊന്ന്   'ൻറ' എന്ന അക്ഷരം 'ൻററ' എന്ന് എഴുതിക്കാണുന്നതാണ്.  

വിദേശപദങ്ങൾ വളരെ കുറച്ച് മാത്രം   ഉപയോഗിച്ചിരിക്കുന്ന സംക്ഷേപവേദാർത്ഥത്തിൽ പ്രാചീനമലയാളവാക്കുകൾ പലതും നമുക്ക് കാണാനാകും.
ഉദാഹരണം:
ചിറ്റാഴ്‌മ - ശുശ്രൂഷ 
സന്ധുക്കൾ - ശരീരാവയവങ്ങൾ 
മുഴി -മൊഴി 
പട്ടാങ്ങ -  സത്യം 
വഹിയ - കിട്ടുകയില്ല 
പഠിത്വം - പ്രബോധനം 

വാച്യഭാഷ പലയിടത്തും കാണാം. 
നിരൂവണകൾ (വിചിന്തനങ്ങൾ),
കൈയ്യില്ലംകിൽ (കൈ ഇല്ലെങ്കിൽ), 
വ്യാവിച്ചിരിക്കുന്നു (വ്യാപിച്ചിരിക്കുന്നു) ഇത്യാദി വാക്കുകൾ അതിന് ഉദാഹരണമാണ്.

പാതിരിമാർ  കേരളത്തിൽ എത്തിയതും മലയാളം പഠിച്ചതും  ഗ്രന്ഥങ്ങൾ രചിച്ചതും  കൃസ്തുമതപ്രചാരണത്തിന് മാത്രമായിട്ടല്ലേ എന്നത് ഒരു വിമർശനവിഷയമായി  പലരും പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ ഈ മിഷ്യനറിമാരുടെ ഭാഷാസ്നേഹവും അന്യഭാഷ സ്വായത്തമാക്കാനുള്ള ദൃഢനിശ്ചയവും  മലയാളത്തിന് നൽകിയത്  വിലമതിക്കാനാവാത്ത ശൈലീസമ്പത്താണ് എന്ന് സമ്മതിക്കാതെ തരമില്ല. 

കുരിശുവരയുടെ സാരാംശം, പത്തുകല്പനകൾ തുടങ്ങി കൃസ്തുമതത്തിൻറെ കാതലായ തത്ത്വങ്ങൾ എല്ലാം   ഉൾപ്പെട്ട  സംക്ഷേപവേദാർത്ഥത്തിൻറെ പൂർണ്ണരൂപം അടങ്ങുന്ന ഗ്രന്ഥം സൂക്ഷിക്കുന്നവർ നമ്മുടെ കൃസ്തീയഭവനങ്ങളിൽ ഇപ്പോഴും ധാരാളം കണ്ടേക്കാം. അവർക്ക് ഇത് മന:പ്പാഠവും ആയിരിക്കാം. എന്നാൽ എനിക്കിത് പുതിയ വായനയായതുകൊണ്ടും വായിച്ചത് വിസ്മൃതിയിൽ അകപ്പെട്ട് പോകാതിരിക്കാനുള്ള അഭ്യാസമായും എഴുതിയിട്ടുള്ള  ഈ പുസ്തകവിചാരം ഇവിടെ ചേർത്തുകൊള്ളട്ടെ. 

5 comments:

 1. ഇതൊക്കെ ഭാഷാചരിത്രത്തിലെ വളരെ അമൂല്യമായ ശേഖരണമാണ് ഗിരിജ. വായന പങ്കുവെച്ചത് നല്ല കാര്യമായി.. ഭാഷയെ കുറിച്ചുള്ള എന്‍റെ അറിവ് വളരെ പരിമിതമാണ്. നന്ദി..:)

  ReplyDelete
 2. സംക്ഷേപവേദാർത്ഥത്തിന്റെ ഒറിജിനൽ പതിപ്പ് അന്വേഷിച്ചു കണ്ടുപിടിച്ചു് ഡിജിറ്റൽ രൂപത്തിലാക്കി നാലുപേർ കാണുന്ന വിധത്തിൽ ഇന്റർനെറ്റിൽ ലഭ്യമാക്കിയതു് ഇവിടത്തെ സർക്കാരോ അക്കാദമികളോ മാദ്ധ്യമഭീമന്മാരോ മറ്റു വെള്ളാനകളോ ഒന്നുമല്ല, മൂന്നാലു ‘ചെറുകിട’ ഇന്റർനെറ്റ് തോന്നിവാസിപ്പയ്യന്മാരാണെന്നു കൂടി ലേഖനത്തിൽ ചേർക്കാമായിരുന്നു. :)

  ReplyDelete
  Replies
  1. ഇത് ആരാ ഇതുവഴിയൊക്കെ വന്നിരിക്കുന്നത് ഈശ്വരാ! ആ തോന്നിയവാസിപ്പയ്യന്മാരുടെ പേരുകൾ കൂടി ഇവിടെ ചേർത്ത് ഈ ലേഖനത്തിൻറെ തലയിലൊരു തൂവൽ കുത്തിത്തരാൻ അപേക്ഷ.

   Delete
 3. പുസ്തകവിചാരം നന്നായി ടീച്ചര്‍
  ആശംസകള്‍

  ReplyDelete