Followers

Tuesday, October 14, 2014

'ഇ ജ്യോത്സ്യൻ'


പണ്ടുള്ള കാലം മുതൽക്കു നമ്മൾ
ജാതകം നോക്കി തൻ ഭാവി ചൊല്ലി

ഭൂതവുമീ  വർത്തമാനമതും 
ജാതകം നോക്കിപ്പറഞ്ഞു നമ്മൾ 

അക്കാലമൊക്കെ പടി കടന്നു 
ഇക്കാലം 'ഇ' കാലമായി മാറി!

നന്നായ് ഗണിച്ചിടും ജ്യോത്സ്യഗണം 
നന്നേ കുറഞ്ഞുപോയിന്നുലകിൽ 

എങ്കിലോ ഇന്നുമുണ്ടൊന്നാം തരം 
ജ്യോത്സനിരിപ്പൂ 'ഇ' ലോകത്തിങ്കൽ! 

ഭൂതം ഗണിച്ചിടും ഭാവി ചൊല്ലും 
വർത്തമാനത്തിന്റെ ചേല് ചൊല്ലും 

ആരുമറിയാതെ നാം ചെയ്തിടും 
കാര്യങ്ങളൊക്കെയും ഓർത്തു വയ്ക്കും 

വേണ്ടിടത്തൊക്കെ വിരുന്നിനെത്തും  
വേണ്ടാത്തിടത്തും  വിളമ്പി വയ്ക്കും

ആൾ മരിച്ചെന്നുള്ള വാർത്തയിലും
ലൈക്കുകളേറെ കുമിഞ്ഞുകൂടും 

രഹസ്യമായ് നമ്മളെ നോക്കി നിൽക്കും 
പരസ്യമായൊക്കെ വിളിച്ചു ചൊല്ലും

പാണന്റെ പാട്ട് പോൽ നാട് നീളെ 
കേൾവികൾ പങ്കിട്ടു ചെണ്ട കൊട്ടും 

മണ്ണിട്ട്‌ മൂടിയൊളിപ്പിക്കിലും 
വെണ്ണീറു പോലെ കരിച്ചീടിലും 

പിന്നെയും പിന്നെയും പൊന്തി വരും 
നമ്മൾ തൻ ചെയ്തി ചരിത്രങ്ങളായ്

ജോലിക്ക് ഹർജിയയച്ചിടുമ്പോൾ
മേലധികാരി പ്രൊഫൈലു കാണും 

പണ്ടു കമന്റിയ പോസ്റ്റിലൊന്നിൽ
കിട്ടേണ്ട ജോലിയിടിച്ചു വീഴും  

കല്യാണ ചന്തയിൽ ചെന്നിടുമ്പോൾ 
പൊല്ലാപ്പു പിന്നെ പറയ വയ്യ  

കൂട്ടുകാരെത്രയാളേതു തരം?
ചിന്തകൾ പോകുവതേതു വിധം 

ലൈക്കും കമന്റുമായ് വാണ കാലം 
ചിത്രങ്ങളിട്ടു രസിച്ച കാലം  

പിന്നോട്ടുരുട്ടി പുറത്തെടുക്കും 
താളുകൾ ജീവ ചരിത്രമാകും 

പരദൂഷണങ്ങൾ പറഞ്ഞ കാലം 
പരമ സത്യം പോലെ മുന്നിലെത്തും 

ചിന്തിച്ചു നോക്കിടും കാരണവർ 
പന്തികേടെല്ലാം മണത്തറിയും 

ഈ പുലിവാലിന്റെ പേരു ചൊല്ലാം 
'ഇ ജ്യോൽസ്യ' നാകും 'മുഖ പുസ്തകം'

മർത്യ സ്വഭാവം പ്രതിഫലിക്കും
തെല്ലും  മറച്ചിടാതീ ദർപ്പണം

ചിന്തിച്ചുപയോഗിച്ചീടുമെന്നാൽ  
നല്ല ഫലം ചൊല്ലും നല്ല ജ്യോത്സ്യൻ 

മണ്ടത്തരങ്ങൾ കുറിച്ചു വച്ചാൽ 
'ഇ ലോകരെ'  മണ്ടിച്ചീടുമിവൻ  

ചിന്തിചിടാനുള്ള ശക്തിയത്രേ 
അധികമായീശൻ നമുക്കു നൽകി 

പിന്നെയുമെന്തിന്നു പോഴനെപോൽ 
പാഴ് വേലയിൽ നാം മുഴുകിടുന്നു?

പാഷാണമാകിലും വേണമെന്നാൽ 
ഭൂഷണമാക്കിടാം യുക്തിയൊന്നാൽ!



[അത്ര ഇഷ്ടമില്ലാത്ത ഏർപ്പാടാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചില സമകാലിക മംഗ്ലീഷ്  പദങ്ങൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. വിഷയം ഇതായത് കൊണ്ടാണ്.] 

4 comments:

  1. രാഹുവും കേതുവും നിന്നയിടത്ത് ഇന്ന് എഫ് ബിയും റ്റ്വിറ്ററും. പുതിയ ലഗ്നങ്ങൾ, രാശികൾ. കവിത നന്നായി.

    ReplyDelete
  2. അര്‍ത്ഥവത്തായ നല്ലൊരു കവിത
    വിവാഹാലോചനകളായാലും, ഉദ്യോഗസംബന്‌ധമായ അഭിമുഖങ്ങളായാലും ഇ-ജ്യോല്‍സ്യം ഇതിലെല്ലാം നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. Thank you sir.

      സ്വാതന്ത്ര്യം കൂത്തരങ്ങാടുന്ന 'ഇ ലോക'ത്താണ് ഇന്ന് എറ്റവും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉള്ളതെന്ന് ആർക്കാണ് അറിയാത്തത്.

      Delete
  3. നാടോടുമ്പോള്‍ .... എന്നാണല്ലോ :)

    ReplyDelete